Breaking News

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രി വിളിപ്പിച്ചു; 17 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ പീഡിപ്പിച്ചു

പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന പേരില്‍ വിദ്യാര്‍ഥിനികളെ രാത്രി സ്‌കൂളിലേക്ക് വിളിപ്പിച്ച്‌ ക്രൂരമായി പീഡിപ്പിച്ചു. രണ്ട് സ്‌കൂളിലെ മാനേജര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ മാത്രമാണ് സ്വകാര്യ സ്‌കൂള്‍ മാനേജര്‍ വിളിപ്പിച്ചത്. ഇവര്‍ പഠിക്കുന്ന സ്‌കൂളിലേക്കല്ല, മറ്റൊരു സ്വകാര്യ സ്‌കൂളിലേക്കാണ് വിളിപ്പിച്ചത്. നവംബര്‍ 17നായിരുന്നു സംഭവം.

പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നാണ് മാനേജര്‍ പറഞ്ഞതത്രെ. രാത്രി എന്ത് പരീക്ഷയെന്ന് ചില രക്ഷിതാക്കള്‍ ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായി മറുപടി നല്‍കിയതുമില്ല. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷണം നല്‍കി. ഇതോടെ അവര്‍ അര്‍ധബോധാവസ്ഥയിലായി. തുടര്‍ന്നാണ് പീഡിപ്പിച്ചത്. ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍.

തൊട്ടടുത്ത ദിവസമാണ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്ക് പോയത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ മാത്രമാണ് സ്‌കൂളിലേക്ക് രാത്രി വിളിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

രണ്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് ബിജെപി എംഎല്‍എ പ്രമോദ് ഉത്വാളിനെ സമീപിച്ച്‌ സംഭവം വിശദീകരിച്ചത്. പോലീസിനെ അറിയിച്ചിട്ട് കാര്യമായ നടപടിയുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എംഎല്‍എ ജില്ലാ പോലീസ് മേധാവിയുമായി സംസാരിച്ചു. പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ സ്ഥലം മാറ്റി.

ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. രണ്ട് സ്‌കൂളുകളുടെ മാനേജര്‍മാരും ഒളിവിലാണ്. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. 17 പെണ്‍കുട്ടികള്‍ക്കും മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ജില്ലാ പോലീസ് മേധാവി അഭിഷേക് യാദവിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞുവെന്നും പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ നവംബര്‍ 17ന് വിളിച്ചിരുന്നു. വൈകീട്ട് മകളെ സ്‌കൂളിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

മറ്റൊരു സ്‌കൂളിലാണ് പ്രാക്ടിക്കല്‍ പരീക്ഷയെന്നും രാവിലെ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചുവെന്നും ഒരു രക്ഷിതാവ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. ആണ്‍കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

പ്രതികള്‍ കീഴടങ്ങിയില്ലെങ്കില്‍ അവരുടെ വീട്ടുകാര്‍ പ്രതികരണം അറിയുമെന്ന് എംഎല്‍എ മുന്നറിയിപ്പ് നല്‍കി. സ്‌കൂളിന് എട്ടാം ക്ലാസ് വരെ നടത്താനാണ് അനുമതി. പക്ഷേ, അവര്‍ പത്താം ക്ലാസ് വരെ

പ്രവേശനം നല്‍കുന്നുണ്ട്. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സിബിഎസ്‌ഇയെ സമീപിച്ചുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗജേന്ദ്ര കുമാര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …