തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത് (68) അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സഥിരീകരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്,
എന് കെ ഗുര്സേവക് സിങ്, എന് കെ ജിതേന്ദ്രകുമാര്, ലാന്സ് നായിക് വിവേക് കുമാര്, ലാന്സ് നായിക് ബി സായ് തേജ, ഹവീല്ദാര് സത്പാല് എന്നിവരുള്‍പ്പെടെ 13 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് വ്യോമസേന സ്ഥിരീകരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നും സേന വ്യക്തമാക്കി.
ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. വ്യോമസേനയില്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസ്സാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്.