കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ വിമാനത്തില്‍ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരേയും ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
39 കാരനായ ഇദ്ദേഹം ഈ മാസം ആറിനാണ് യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്ബിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമൈക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചുൃിട്ടുണ്ട്.