കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ളത്തിന് 13 രൂപയായി കുറച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കുപ്പിവെള്ള നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കുപ്പി വെള്ളത്തെ സര്‍ക്കാര്‍ അവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ ഇടപെട്ട് വില കുറച്ചത്.
പാക്കേജഡ് കമോഡിറ്റീസ് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നും സര്‍ക്കാരിനെ ഇടപെടാന്‍ അധികാരമില്ലന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തങ്ങളെ കേള്‍ക്കാതെയും ഉല്‍പ്പാദന മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ വില കുറച്ചതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ചത്.
എല്ലാ കമ്ബനികളും പരമാവധി വില 13 രൂപ എന്ന പാക്കേജില്‍ മുദ്രണം ചെയ്യണം. കൂടുതല്‍ വില ഈടാക്കുന്ന കമ്ബനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരിനായതിനാല്‍ കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് വില ലിറ്ററിനു 13 രൂപയാക്കാന്‍ തീരുമാനിച്ചത്.