വിവാഹവേളയില്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ ചവിട്ടിക്കൂട്ടി വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് സ്ത്രീധനം അധികം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരനെ വധുവിന്റെ വീട്ടുകാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി.
വെള്ളിയാഴ്ച രാത്രിയാണ് വിവാഹ ചടങ്ങുകള്‍ നടന്നതും സംഘര്‍ഷത്തില്‍ കലാശിച്ചതുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചു. പണം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്നു പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ വധുവിന്റെ ആളുകള്‍ രോഷാകുലരായി. വരനെയും കൂട്ടരെയും സംഘം ചേര്‍ന്നു മര്‍ദിച്ചു.
ഇതിനിടെ ബന്ധുവായ ഒരു സ്ത്രീയാണ് വരനെ മര്‍ദനത്തില്‍നിന്ന് രക്ഷിച്ചത്. വിവാഹത്തിനു മുന്‍പ് മൂന്നു ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വജ്രമോതിരവും വധുവിന്റെ വീട്ടുകാര്‍ വരനു സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വരന്റെ പിതാവ് പത്തു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്. വിവാഹവേഷത്തില്‍ നില്‍ക്കുന്ന വരനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം, വരന്‍ നേരത്തേ മൂന്നു വിവാഹം കഴിച്ചതായും ആരോപണമുണ്ട്.