പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോയിപ്രം കടപ്ര സ്വദേശി ശശിധരൻ പിള്ള (57) യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊലപാതകമെന്ന സംശയത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കാര്യങ്ങൾ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.
ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. കടപ്ര കരിയിലമുക്കിൽ പമ്പയാറിന്റെ കൈവഴിയായ വരാൽച്ചാലിന് സമീപമുള്ള പറമ്പിൽ ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. ഏതാനും വർഷം മുൻപ് വരാൽചാല് ആഴംകൂട്ടിയപ്പോള് എടുത്ത മണ്ണ് ഇട്ട് ഉയർത്തിയ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് ഇട്ട് നാട്ടുകാർ ഇവിടെ ഇരിപ്പിടം ഒരുക്കിയിരുന്നു. മരിച്ചയാളുടേതെന്ന് കരുതുുന്ന മാസ്കും കുറച്ചു രൂപയും കണ്ടെത്തിയിട്ടുണ്ട്.
തൊട്ടടുത്ത് ബദാം മരത്തിന് താഴെ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് ചുറ്റും പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്. വരാൽച്ചാലിന് 100 മീറ്റർ അകലെയായിരുന്നു ശശിധരൻപിള്ളയുടെ വീട്. എന്നാൽ കടബാധ്യതയെ തുടർന്ന് അടുത്തിടെ വീട് വിറ്റ് കോഴഞ്ചേരിയിലായിരുന്നു താമസം. വാടക വീട്ടിൽ നിന്ന് രാത്രി 11ന് പുറത്തേക്ക് പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. സാധാരണ സുഹൃത്തിന്റെ വീട്ടിൽ സമാനമായ സമയത്ത് പോകുമായിരുന്നു എന്നതിനാൽ വീട്ടുകാർ അന്വേഷിച്ചിരുന്നില്ല.