പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍, കുട്ടികളില്ലാത്ത 19 ബാച്ചുകള്‍ മറ്റു സ്കൂളുകളിലേക്ക് ഷിഫ്റ്റ് ചെയ്തും 60 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചുമുള്ള ഡിസംബര്‍ 13ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പകരം നാല് ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്തും 75 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചും പുതിയ ഉത്തരവിറക്കി. നേരത്തെ ഷിഫ്റ്റ് ചെയ്യാനിരുന്ന 19 ബാച്ചുകളില്‍ 15 എണ്ണത്തില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെന്നുകാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ കത്തിനെ തുടര്‍ന്നാണ് നടപടി.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം അവസാനിക്കുംമുമ്ബ് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് 19 ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ നാല് ബാച്ചുകള്‍ മാത്രമേ ഷിഫ്റ്റ് ചെയ്യാനാകൂവെന്ന് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതിനു പുറമെ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച ഏതാനും സ്കൂളുകള്‍ കോഴ്സ് മാറ്റവും ആവശ്യപ്പെട്ടിരുന്നു. പുതിയ ഉത്തരവ് പ്രകാരം 18 സയന്‍സ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളുമാണ് പുതുതായി അനുവദിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന രണ്ടു സയന്‍സ് ബാച്ചുകളും ഒന്നു വീതം ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളുമാണ് ഷിഫ്റ്റ് ചെയ്യുന്നത്. ഈ 79 ബാച്ചുകള്‍ക്ക് പ്ലസ് വണിന് മൂന്നും പ്ലസ് ടുവിന് ഒമ്ബതും മാസം ഉള്‍പ്പെടെ 12 മാസത്തെ കാലാവധിയേ ഉണ്ടാകൂ. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചശേഷം നടത്തുന്ന സ്കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫറില്‍ ഏതെങ്കിലും ബാച്ചില്‍ മതിയായ വിദ്യാര്‍ഥികളില്ലെങ്കില്‍ അവ ആവശ്യം പരിഗണിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ട്.
പ്രവേശന നടപടികള്‍ അവസാനിക്കുേമ്ബാള് താല്‍ക്കാലികമായി അനുവദിച്ച ബാച്ചില്‍ മതിയായ വിദ്യാര്‍ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അവ റദ്ദാക്കുകയും പ്രവേശനം നേടിയ വിദ്യാര്‍ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലേക്കോ സമീപത്തെ സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റാനും നിര്‍ദേശമുണ്ട്. ആദ്യം ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതും പിന്നീട് വേണ്ടെന്നുവെക്കുകയും ചെയ്ത സ്കൂളുകളില്‍ ആവശ്യത്തിന് കുട്ടികളുണ്ടോയെന്ന് പരിശോധിക്കുകയും കുട്ടികള്‍ ഇല്ലാത്തിടങ്ങളിലെ അധ്യാപകരെ അടിയന്തരമായി കുട്ടികളുള്ള സ്കൂളുകളിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.