കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍. 2020 വരെയുള്ള കണക്കാണിത്. 15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല.
ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല.
കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാര്‍ പലരും ഇത് പാലിക്കാറില്ല. പൊലീസ് സ്റ്റേഷനുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല.
പരിശോധന ഇല്ലാതായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികള്‍ പോലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് എത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവര്‍ത്തികമായില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനാണ് ചുമതല. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആവാസ് പദ്ധതിയിലൂടെയുള്ള വിവര ശേഖരണവും എങ്ങുമെത്തിയില്ല.
കേസുകള്‍ (വര്‍ഷം, എണ്ണം ക്രമത്തില്‍)
2016- 639
2017- 744
2018- 805
2019- 978
2020- 484