തെന്മല ബവ്റിജസ് കോര്‍പറേഷനിലെ മദ്യശാലയ്ക്കു സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് (septic tank) പൊട്ടിത്തെറിച്ചു (exploded). ബോംബ് പൊട്ടുന്ന നിലയിലുള്ള വലിയ ശബ്ദത്തോടെയാണ് ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്ക് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തിനുശേഷം പ്രദേശത്ത് രൂക്ഷ ഗന്ധവും പൊടിപടലങ്ങളും നിറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി.
പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്. സ്ഫോടനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുവാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.