കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജില്ല പട്ടികജാതി വികസന ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് റിമാന്‍ഡില്‍. സ്കോളര്‍ഷിപ് ലഭിക്കുന്നതിന് പേപ്പര്‍ ജോലികള്‍ ചെയ്യുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കെ. റഷീദിനെ തിങ്കളാഴ്ച വിജിലന്‍സ് പിടികൂടിയത്. ചൊവ്വാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഓഫിസില്‍നിന്ന് സ്കോളര്‍ഷിപ് ലഭിക്കുന്നതിന് പേപ്പര്‍ ജോലികള്‍ നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പണം കൊടുക്കണമെന്നും ഇതിന്റെ ആവശ്യത്തിനാണെന്നും പറഞ്ഞാണ് റഷീദ് 60,000 രൂപ ആവശ്യപ്പെട്ടത്. ഇതില്‍ 40,000 രൂപ അഡ്വാന്‍സായി വേണമെന്ന് പറയുകയും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ അഡ്വാന്‍സ് തുക 25,000 രൂപയാക്കി കുറക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് മൂന്നാര്‍ സ്വദേശി പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.