ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നു സൂചനകള്‍ നല്‍കിയ ആര്‍ ആര്‍ ആര്‍ (RRR Movie) മലയാളം ട്രൈലെര്‍ റിലീസിന് തൊട്ടു പിന്നാലെ തന്നെ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയും പ്രധാന താരങ്ങള്‍ ആയ ജൂനിയര്‍ എന്‍ ടി ആര്‍ , റാം ചരണ്‍ എന്നിവര്‍ തിരുവനന്തപുരത്തെ ഉദയ് പാലസില്‍ നടന്ന പ്രീ ലോഞ്ച് ചടങ്ങിനെത്തി. ബാഹുബലിയിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ എസ് എസ് രാജമൗലിയെയും താരങ്ങളെയും വന്‍ ആവേശത്തോടെ ആണ് ആരാധകര്‍ വരവേറ്റത്.
മന്ത്രി ആന്റണി രാജു ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മിന്നല്‍ മുരളിയിലൂടെ മലയാള സിനിമയുടെ ആദ്യ സൂപ്പര്‍ ഹീറോ ആയി അഭിനയിച്ച ടോവിനോ തോമസും അതിഥിയായി വേദിയിലെത്തി. എല്ലാവര്‍ക്കും സുഖമാണോ ?? എന്ന് മലയാളത്തില്‍ ചോദിച്ച രാജമൗലി കേരളവുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ചും തന്റെ കേരളത്തിലെ സിനിമാ ചിത്രീകരണത്തെക്കുറിച്ചും സംസാരിച്ചു.
അന്യഭാഷാ ചിത്രങ്ങളെ ഇരു കൈയും ചേര്‍ത്ത് സ്വീകരിച്ച കേരളത്തിലെ സിനിമാ ആസ്വാദകരുടെ പിന്തുണ ആര്‍ ആര്‍ ആറിനും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജൂനിയര്‍ എന്‍ ടി ആറും റാം ചരണും സംസാരിച്ചപ്പോള്‍ അവരുടെ ആരാധകര്‍ ആര്‍പ്പുവിളികളോടെ ആവേശകരമായ സ്വീകാര്യത കാണിച്ചു. ചിത്രത്തിന് ആശംസ പറഞ്ഞ ടോവിനോ തോമസ് താന്‍ കടുത്ത രാജമൗലി ആരാധകന്‍ ആണെന്നും ആദ്യ ദിനം കാണുന്ന സിനിമകള്‍ എന്നും അദ്ദേഹത്തിന്റെ ആണെന്നും പറഞ്ഞു,
കൂടാതെ തന്റെ എ ബി സി ഡി എന്ന ചിത്രത്തിന്റെ ഡിസ്ട്രിബൂട്ടര്‍ ആയ ഷിബു തമീന്‍സിന്റെ വിതരണത്തില്‍ ഈ ചിത്രം കേരളത്തില്‍ എത്തുന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു. 400 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രം ജനുവരി 7 നു ആണ് റിലീസിന് എത്തുന്നത്. തെലുങ്കു സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങളെ ഒന്നിച്ചു അണിനിരത്തിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍.
ചടങ്ങില്‍ കേരളത്തിലെ വിതരണത്തിന് നേതൃത്വം നല്‍കുന്ന റിയ ഷിബു സ്വാഗതം പറഞ്ഞു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ധനയ്യ, മന്ത്രി ആന്റണി രാജുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ ആര്‍ ആര്‍ ആര്‍ സിനിമയുടെ ഡിസ്ട്രിബൂട്ടര്‍ ഷിബു തമീന്‍സ് ചിത്രം കേരളത്തില്‍ എത്തിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നെന്നു അറിയിച്ചു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.