ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന് എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ബാലനെ കൈമാറിയത്. കഴിഞ്ഞദിവസം രാത്രി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മകരവിളക്കിനോടനുബന്ധിച്ച് താല്‍ക്കാലിക കട നടത്തുന്ന സീതത്തോട് സ്വദേശിയുടെ മകന് ലോറിയുടെ പിന്‍വശത്ത് കയറിക്കിടന്നു.
ഇതറിയാതെ ലോറി ഡ്രൈവര്‍ വാഹനവുമായി തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാന്‍ പോകുകയായിരുന്നു. ഇടപ്പാളയം കഴിഞ്ഞപ്പോള്‍ ലോറിയുടെ പിന്നില്‍നിന്ന് ഒരാള്‍ തലപൊക്കി നോക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടു. ലോറി നിര്‍ത്തി നോക്കിയപ്പോഴാണ് ബാലനെ കാണുന്നത്. വിവരങ്ങള്‍ തിരക്കിയ ശേഷം ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റില്‍ ഇറക്കി. പൊലീസിനോട് വിവരങ്ങള്‍ ധരിപ്പിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പന്തളം പൊലീസ് തെന്മലയില് എത്തി ബാലനെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.