നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്ത് വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ ബാലചന്ദ്രകുമാര്‍ ഭാവിയില്‍ വിലപേശാന്‍ സാധ്യതയുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
ദിലീപിനെതിരായ കേസുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപിനെ നശിപ്പിക്കുക എന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വത്യസ്ത ആരോപണങ്ങളും കേസുകളും കൊണ്ടുവരുന്നത്. നിലവിലെ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതും ഇതിന്റെ ഭാഗമായാണെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതല്ലെന്നും വിചാരണയുടെ ഘട്ടങ്ങളില്‍ കോടതിയില്‍ വാദം തള്ളിപ്പോയതാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നടിക്ക് നീതി കിട്ടുക എന്നതല്ല, ദിലീപിനെ ഏതുവിധേനയും നശിപ്പിക്കുക എന്നതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. നടനെതിരായ ആരോപണങ്ങള്‍ വരുമ്ബോള്‍ മാത്രം അഭിപ്രായങ്ങളുമായി ഉയര്‍ന്നുവരുന്ന വനിതാ സംഘടനയെയും അദ്ദേഹം വിമര്‍ശിച്ചു. നടിക്കെതിരായ ആക്രമണത്തിന് ശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ ആളെ ചോദ്യം ചെയ്യണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെട്ടു.