കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്ബത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല.
റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവല്‍ക്കരണ സാമ്ബത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്ബോട്ടുപോകുമെന്നതിന്റെ സൂചനകളും ബജറ്റില്‍ വേണ്ടത്രയുണ്ട്.
സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കു നേര്‍ക്ക് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലര്‍ത്തുന്നത്. ഇപി.എഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതും, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കാലത്തിനൊത്ത് നവീകരിച്ച് ശക്തിപ്പെടുത്താത്തതിലും, അവശ വിഭാഗ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയോ, വ്യാപിപ്പികയോ ചെയ്യാത്തതിലും എല്ലാം കേന്ദ്രത്തിന്റെ മനുഷ്യത്വ രഹിതമായ മനോഭാവമാണ് പ്രകടമാകുന്നത്.
പ്രധാനമന്ത്രിയുടെ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. എന്നാല്‍ ഗതിശക്തിയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മൂര്‍ത്തമായ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ല. കേരളത്തിന്റെ തനതു പദ്ധതികളായ ഡിജിറ്റല്‍ സര്‍വ്വകലാശാല നീക്കങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, എം സേവനം, ഓപ്റ്റിക്കല്‍ ഫൈബര്‍ വ്യാപനം എന്നിവയെ കേന്ദ്രം മാതൃകയായി ബജറ്റില്‍ കാണുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.