പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. വരുന്ന 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പ്രതികരിച്ചു.
എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ചയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരും.
ഇന്നലെ രാവിലെ സുരേഷ് കൈകളും കാലുകളും ഉയര്‍ത്തുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാവുകയും ചെയ്തു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോവുന്ന നിലയും ഉണ്ടായി.