നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയ യുവതി പോലീസ് സ്‌റ്റേഷനില്‍. പരാതിയുടെ വിശദാംശങ്ങള്‍ അറിയാനും മൊഴിയെടുക്കുന്നതിനുമാണ് പോലീസ് വിളിപ്പിച്ചത്. പരാതി വ്യാജമാണെന്നും യുവതിയെ അറിയില്ല എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. നടന്‍ ദിലീപാണ് കേസിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്.
യുവതി മൊഴി നല്‍കിയ പിന്നാലെ പോലീസ് നടപടികള്‍ വേഗത്തിലാക്കും. ബാലചന്ദ്ര കുമാറിനെ ചോദ്യം ചെയ്യും. ഹൈടെക് സെല്‍ എസിപി ബിജുമോന്‍ ആണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്…കണ്ണൂര്‍ സ്വദേശിയായ 40കാരിയാണ് ബാലചന്ദ്ര കുമാറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണം ഹൈടെക് സെല്ലിന് കൈമാറിയത് തിങ്കളാഴ്ചയാണ്. തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ യുവതിയോട് എത്താന്‍ ആവശ്യപ്പെട്ടത്. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചു എന്നാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചതത്രെ. ഗാനരചയിതാതിന്റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. വീഡിയോ എടുക്കുകയും ചെയ്തു.
സംഭവം പുറത്തുപറഞ്ഞാല്‍ പീഡനത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു. തൃശൂരിലെ ഒരു സിനിമാ പ്രവര്‍ത്തകനുമായുള്ള പരിചയത്തിലാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയത്. തുടര്‍ന്ന് ജോലി തേടി വിളിച്ചു. വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2011ല്‍ നടന്ന സംഭവത്തില്‍ കേസ് നല്‍കാന്‍ വൈകിതയ് ഭയന്നിട്ടാണ്.
ദിലീപ് പ്രതിയായ കേസില്‍ ബാലചന്ദ്രകുമാര്‍ ചാനലുകളില്‍ സജീവമാകുകയും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതും കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
മൊഴി കൊടുക്കാന്‍ വിളിച്ചപ്പോള്‍ യുവതി വന്നില്ല എന്നറിയാന്‍ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞിരുന്നു. വീട്ടുകാരുമായി ആലോചിച്ച ശേഷം വരാം എന്ന് യുവതി പോലീസിനോട് പറഞ്ഞുവെന്നാണ് അറിഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ച ഈ വിവരങ്ങള്‍ തെറ്റാണെന്ന് വ്യക്തമാകുകയാണ്. ഇന്ന് മൊഴി നല്‍കാന്‍ യുവതി എളമക്കര പോലീസ് സ്‌റ്റേഷനില്‍ എത്തി.