സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള അധ്യയനം ബാച്ചുകളായി തുടര്‍ന്നേക്കും. ഫെബ്രുവരി അവസാനവാരത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാകാന്‍ കോവിഡ് അവലോകനസമിതി വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളെയും ഒന്നിച്ചിരുത്തിയുള്ള അധ്യയനം ആദ്യഘട്ടത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ നടപ്പാക്കാനാണ് ആലോചന.
ഈ മാറ്റം ഫെബ്രുവരി 28 മുതല്‍ നടപ്പാക്കുന്നതാണ് പരിഗണനയില്‍. അടുത്ത തിങ്കളാഴ്ച മുതല്‍ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ക്ക് അധ്യയനം പുനരാരംഭിക്കും. ഇവര്‍ക്ക് നേരത്തേ ഉച്ചവരെ മാത്രമായിരുന്നു അധ്യയനം. ഈ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ വൈകീട്ടുവരെ അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ആദ്യഘട്ടത്തില്‍ ഉച്ചവരെ ക്ലാസുകള്‍ തുടരാനാണ് തീരുമാനമെങ്കില്‍ 28 മുതല്‍ ഇവര്‍ക്കും വൈകിട്ട് വരെ ക്ലാസുകള്‍ നടത്തും. എന്നാല്‍, ഈ ക്ലാസുകള്‍ക്ക് ബാച്ചുകളായുള്ള അധ്യയനം അവസാനിപ്പിച്ച് ഒന്നിച്ചുള്ള ക്ലാസുകള്‍ തുടങ്ങുന്നത് സാഹചര്യം വിലയിരുത്തിയായിരിക്കും തീരുമാനിക്കുക. മാസ്ക് ധരിച്ച് വൈകിട്ട് വരെ ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇരിക്കാന്‍ കഴിയുമോ എന്ന ആശങ്കയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും അധ്യാപകരും പങ്കുവെക്കുന്നുണ്ട്.
ഇതെല്ലാം പരിഗണിച്ചായിരിക്കും അധ്യയനത്തിലെ ക്രമീകരണം. പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ എന്നനിലയില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണതോതിലുള്ള അധ്യയനം വൈകരുതെന്ന് നേരത്തേതന്നെ ധാരണയായിരുന്നു.