തിരുവനന്തപുരം അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി രാജേന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകം നടന്ന സ്ഥലത്തും സ്വർണ്ണം വിറ്റ കന്യാകുമാരി ജില്ലയിലെ കടയിലും തെളിവെടുപ്പിനായി എത്തിക്കും. പ്രതിയുടെ തിരിച്ചറിയൽ പരേഡും ഇന്ന് നടത്തും.
മോഷണത്തിനിടെ നടത്തിയ കൊലപാതകമാണെന്ന് പ്രതി ഇന്നലെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയിരുന്നു. പ്രതിയെ ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും. ശേഷം തെളിവെടുപ്പ് അടക്കം പൂർത്തീകരിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.
കേസിന്‍റെ നടപടി ക്രമങ്ങളുടെ ഭാഗമായി പ്രതി രാജേന്ദ്രൻ തന്നെ എന്ന് ഉറപ്പിക്കാൻ തിരിച്ചറിയൽ പരേഡും ഉണ്ടാകും. കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ, ലിഫ്റ്റ് നൽകിയ സ്കൂട്ടർ യാത്രികൻ എന്നിവർക്ക് മുന്നിലാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്.
പ്രതി ഉപയോഗിച്ച ഫോൺ കണ്ടെത്താനും സാധിച്ചിട്ടില്ല. വിനീതയിൽ നിന്നും മോഷ്ടിച്ച മാല പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളാ തമിഴ്നാട് ബോർഡർ ആയ പഴയകടയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് മാല കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്തെത്തിയത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി സാമ്പത്തിക ആവശ്യത്തിനായാണ് മോഷണം നടത്തിയത്. ഇയാള്‍ കൈയ്യില്‍ കത്തി കരുതാറുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഇരട്ടകൊലക്കേസിലെ പ്രതിയാണ് രാജേന്ദ്രന്‍ 2014 ല്‍ കസ്റ്റ്ംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടക്കവേയാണ് ഇയാള്‍ സംസ്ഥാനം വിടുന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തില്‍ നെടുമങ്ങാട് സ്വദേശിനി വിനീത കൊല്ലപ്പെടുന്നത്.