അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മെക്സിക്കോയിലെ ഒരു തെരുവ്. മെക്സിക്കോയിൽ നിന്നും പ്രചരിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് കൗതുകവും ആകുലതയുമൊക്കെ ഉണർത്തി ശ്രദ്ധനേടുന്നത്. ആയിരകണക്കിന് പക്ഷികൾ കൂട്ടമായി തെരുവിന് നടുവിലേക്ക് വീഴുന്നതും പറന്നുയരുന്നതുമാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്.
ദൃശ്യങ്ങളിൽ മെക്സിക്കോയിലെ ഒരു തെരുവിലേക്ക് ആകാശത്ത് നിന്ന് ഒരു വലിയ കൂട്ടം കറുത്ത പക്ഷികൾ വീഴുന്നതായി കാണിക്കുന്നു. മെക്സിക്കോയിലെ ചിഹുവാഹുവയിൽ ആണ് സംഭവം നടന്നത്. ആയിരകണക്കിന് മഞ്ഞ തലയും കറുത്ത ഉടലുമുള്ള പക്ഷികൾ പറക്കുന്നതിനിടെ ഒന്നിച്ച് പെട്ടെന്ന് നിലത്തുവീണു. ചില പക്ഷികൾ നിലത്തടിച്ചുവീണ ശേഷം വീണ്ടും പറന്നു, പക്ഷേ ഭൂരിഭാഗവും നിലത്തുതന്നെ വീണു ജീവൻ വെടിഞ്ഞു.