പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് നിലമ്പൂരില്‍ പിടിയിലായി. സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയോടെ പിടികൂടുകയായിരുന്നു. അസം പൊലീസാണ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു അസ്മത് അലി.
ഇയാളെ നാട്ടിലേക്ക് കൊണ്ടു പോകാനായി അസം പൊലീസ് കേരളത്തിൽ എത്തി. വംശ നാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ അടക്കം വേട്ടയാടിയ കേസിലെ പ്രതിയാണ് ഇയാൾ. കേരളത്തിൽ എത്തി മറ്റ് തൊഴിലാളികൾക്കൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതി. അതേസമയം, അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ നിലമ്പൂർ പൊലീസിന്റെ പിടിയിൽ പ്രതി കുടുങ്ങുകയായിരുന്നു. അസം പോലീസ് നൽകിയ വിവരങ്ങളാണ് പ്രതിയെ പിടി കൂടാൻ നിലമ്പൂർ പൊലീസിനെ സഹായിച്ചത്. വൈകാതെ തന്നെ ഇയാളെ അസമിൽ എത്തിക്കും എന്നാണ് വിവരം. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ് എന്നാണ് സൂചന. എന്നാൽ, സുരക്ഷിത സ്ഥലം എന്ന നിലയിലാണ് ഇയാൾ നിലമ്പൂരിൽ എത്തിയത്.
ജോലി അന്വേഷിച്ച് എത്തുന്ന തൊഴിലാളികള്‍ക്ക് ഒപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. നേരത്തെ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നിരുന്നു. എന്നാൽ, വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കൾ, വീട്ടുകാർ എന്നിവരുമായി ഇയാൾ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് അസ്മത്ത് അലി നിലമ്പൂരിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.