ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ചൈനയില്‍ നിന്നുള്ള കമ്ബനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താല്പര്യത്തോട് കൂടിയുള്ള നടപടിയാണെന്നും ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നത് ചൈന തുടരാനാണ് സാധ്യതയെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
ചൈനീസ് കമ്ബനികളായ ഷാവോമി, ഓപ്പോ തുടങ്ങിയവയിലും വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. തുടര്‍ന്ന്, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകള്‍ക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്ലോബല്‍ ടൈംസ് ഇന്ത്യയ്ക്കെതിരായി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്നങ്ങളുണ്ടാക്കി ചൈനീസ് സൈനികരില്‍ നിന്ന് കനത്ത പ്രതികരണം ഉണ്ടായതോടെ നേട്ടമൊന്നും ലഭിക്കാതായതോടെയാണ് ഇന്ത്യയിലെ ചൈനീസ് കമ്ബനികള്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം തിരിഞ്ഞതെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. കമ്ബനികള്‍ക്കെതിരെയുള്ള നടപടികളില്‍ ചൈനീസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും ഗ്ലോബല്‍ ടൈംസ് പറയുന്നു.