കര്‍ണാടക കുട്ടയിലേക്ക് മാനന്തവാടിയില്‍ നിന്ന് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ച് വീടിന് കേടുപാട്. മാനന്തവാടി ഡിപ്പോയിലെ ആര്.എന്‍ കെ 109 നമ്ബര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. ബുധനാഴ്ച രാവിലെ കാട്ടിക്കുളം മജിസ്ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഊരിത്തെറിച്ച ടയര്‍ സമീപത്തെ നാലു സെന്റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്.
തുടര്‍ന്ന് ഓടുപൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തു. തൊട്ടുമുമ്ബത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതിനുശേഷം മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടം. വേഗമില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ബെയറിങ് പൊട്ടിയതാണ് അപകടകാരണമെന്ന് കെ.എസ്.ആര്.ടി.സി വ്യക്തമാക്കി. എ.ടി.ഒ പ്രിയേഷ്, ഡിപ്പോ എന്‍ജിനീയര്‍ സുജീഷ് എന്നിവര്‍ സ്ഥലത്തെത്തി. അപ്പുവിന്റെ വീടിന്റെ തകരാര്‍ നന്നാക്കിനല്കുമെന്നും ഉറപ്പുനല്‍കി.