അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായ കച്ചാ ബദാം (Kachcha Badam) എന്ന ഗാനം ആലപിച്ച ഗായകൻ ഭൂപൻ ഭട്യാക്കർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുതുതായി വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിക്കുന്നതിനിടെയാണ് ഭുപൻ അപകടത്തിൽപ്പെട്ടത്.
പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ സൂരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. എന്നാൽ, ഭൂപന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഭുപൻ അടുത്തിടെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയിരുന്നു. എന്നാൽ ഡ്രൈവിങ് വശമല്ലാതിരുന്ന ഭൂപൻ കഴിഞ്ഞ ദിവസങ്ങളിൽ കാർ ഓടിക്കാൻ പഠിക്കുന്നുണ്ടായിരുന്നു.
അതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും പരുക്കുണ്ട്. കടല വിൽപന നിർത്തി പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ ഭുപൻ പറഞ്ഞു. അതിനിടെ, ഒരു മ്യൂസിക് കമ്പനി അദ്ദേഹത്തിന്റെ ഗാനത്തിന് റോയൽറ്റിയായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു.
അടുത്ത ദിവസങ്ങളിൽ ഒന്നര ലക്ഷം രൂപ കൂടി അദ്ദേഹത്തിന് കൈമാറുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സെലിബ്രിറ്റിയായ ശേഷം സമ്പാദിച്ച പണം കൊണ്ടാണ് അദ്ദേഹം സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കച്ച ബദാം എന്ന ഗാനം സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ് സൃഷ്ടിച്ചിരിക്കുകയാണ്.
കൗമാരക്കാർ മുതൽ സെലിബ്രിറ്റികൾ വരെ, എല്ലാവരും ഈ ഗാനം ആസ്വദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ബിർഭൂമിലെ ഒരു വിദൂര ഗ്രാമത്തിൽ നിലക്കടല വിൽക്കുന്നത് മുതൽ കൊൽക്കത്തയിലെ ഒരു നിശാക്ലബിൽ തത്സമയം അവതരിപ്പിക്കുന്നത് വരെ, സ്വപ്നസമാനമായ ഒരു യാത്രയായിരുന്നു ഭൂപന്‍റേത്. പശ്ചിമ ബംഗാൾ പോലീസ് ഭുബൻ ഭട്യാക്കറെ ആദരിച്ചു. സൗരവ് ഗാംഗുലി സംവിധാനം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയിലേക്ക് അദ്ദേഹത്തിന് നേരത്തെ ക്ഷണം ലഭിച്ചിട്ടുണ്ട്.