സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതി രൂപീകരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി. തിങ്കളാഴ്ച നിയമസഭാ കൗൺസിലിൽ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ബി സി നാഗേഷ് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ ഗുജറാത്തിൽ ഇത്തരത്തിൽ ഭഗവദ്ഗീതയെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാ ഗമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാകടയുടെ നീക്കം.
“ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഗുജറാത്ത് സംസ്ഥാനത്തിന് സമാനമായി, വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഭഗവദ്ഗീത കർണാടകയിൽ അവതരിപ്പിക്കും. സമിതി രൂപീകരിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും വിവിധ വിദ്യാഭ്യാസ വിദഗ്ദരുമായും വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കും” നാഗേഷ് പറഞ്ഞു. സംസ്ഥാനത്തെ സ്കൂൾ സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്തണമെന്നും അടുത്ത അധ്യായന വർഷം
മുതൽ ഇത് നിലവിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.സി പ്രാണേഷാണ് സീറോ അവറിൽ രംഗത്ത് വന്നത്. സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞിരുന്നു. വേദം ധാർമ്മിക മൂല്യങ്ങൾ തരുന്നുണ്ടെന്ന് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ” ഗുജറാത്തിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തി. ഇത് കർണാടകയിലും ചർച്ച ചെയ്യുമെന്ന് ഞങ്ങളുടെ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് എന്ത് വിശദാംശങ്ങളാണ് പുറത്തുവിടുന്നതെന്ന് നോക്കാം ” മുഖ്യമന്ത്രി പറഞ്ഞു.