സമൂഹമാദ്ധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റ് ചെയ്യുന്നവര്‍ കരുതിയിരിക്കണം. ഫോട്ടോയില്‍ നിന്ന് ‘വെട്ടിയ തല’ മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാണ്. തൃശൂരിലെ ഒരു സ്ത്രീയുടെ പരാതിയില്‍ തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈല്‍ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും സൈബര്‍ ക്രിമിനലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഇത്തരം ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും തലഭാഗം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രത്തോട് കൂട്ടിച്ചേര്‍ക്കും. അതിനുശേഷം അത്തരത്തിലുള്ള നഗ്‌നചിത്രം വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്‌ട് എന്നിവ വഴി സ്വകാര്യമായി അയച്ചു തരും. ഇത്തരം നഗ്‌നചിത്രങ്ങള്‍ യഥാര്‍ത്ഥ ചിത്രമെന്നു തോന്നിക്കുന്നതായിരിക്കും. ഇത് കാണുന്നതോടെ അതീവ സമ്മര്‍ദ്ദത്തിലാകുമ്ബോള്‍, അല്‍പ്പസമയത്തിനകം തട്ടിപ്പുകാരില്‍ നിന്നും വീണ്ടും സന്ദേശമെത്തും.
ഇത് നിങ്ങളുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സോഷ്യല്‍ മീഡിയകളിലേക്ക് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. പണം ആവശ്യപ്പെടും. അതിനായി ബാങ്ക് അക്കൗണ്ട് അയച്ചു തരും. അതിലേക്ക് ഉടനടി പണമയക്കാന്‍ നിര്‍ബന്ധിക്കും. ഇത്തരത്തില്‍ സന്ദേശം വരുന്നത് തിരിച്ചറിയാന്‍ കഴിയാത്ത വിദേശ ഫോണ്‍ നമ്ബറുകളില്‍ നിന്നുമായിരിക്കും.
പൊലീസിനെ അറിയിച്ചാലും ക്രിമിനലുകളെ പിടിക്കാന്‍ കഴിയുകയില്ലെന്ന് അവര്‍ വീണ്ടും ഭീഷണിപ്പെടുത്തും. യഥാര്‍ത്ഥമെന്ന് ആര്‍ക്കും തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ട് ഗത്യന്തരമില്ലാതെ പണം അയച്ചു നല്‍കുന്നവരുമുണ്ട്. പണം ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയെന്ന സ്ത്രീയുടെ പരാതി തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ക്രൈം സ്റ്റേഷനില്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട:
സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യമ്ബോള്‍ പരമാവധി ജാഗ്രത പുലര്‍ത്തുക.
വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഫ്രണ്ട്‌സ് ഓണ്‍ലി രീതിയിലേക്ക് മാറ്റുക.
സോഷ്യല്‍ മീഡിയയിലെ ഫ്രണ്ട്‌സ് ലിസ്റ്റിലേക്ക് നേരിട്ട് അറിയാവുന്നവരെ മാത്രം ഉള്‍പ്പെടുത്തുക.
മറ്റ് അക്കൗണ്ടുകളിലേയും ഫേക്ക് ഐഡികളിലേയും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കാതിരിക്കുക.
സമചിത്തതയോടെ പ്രതികരിക്കുക, സൈബര്‍ കുറ്റവാളികളുടെ രീതികളെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കുക.
പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കളോടും, സുഹൃത്തുക്കളോടും, ബന്ധുക്കളോടും തുറന്നുപറയുക.