കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടോംസണ് പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.
‘മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര് ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍
നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ മുഹൂര്‍ത്തമായതിനാലാണ് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് കെപി ടോംസണ് പറഞ്ഞു.