Breaking News

പബ്ജി കളിക്കൂട്ടുകാരനെ പിരിയാന്‍ വയ്യ; വ്യാജ ബോംബ് ഭീഷണിയുമായി 12കാരന്‍, ട്രെയിനുകള്‍ വൈകി..

ഒന്നിച്ച്‌ പബ്ജി കളിക്കാറുള്ള കൂട്ടുകാരനെ പിരിയാതിരിക്കാന്‍, റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് 12കാരന്റെ വ്യാജ സന്ദേശം. പബ്ജി ഗെയ്മിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്നോടൊപ്പം ഗെയിം കളിക്കുന്ന സുഹൃത്തിനെ ട്രെയിന്‍ യാത്രയില്‍നിന്ന് തടയുന്നതിനാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടിന് റെയില്‍വെ ഹെല്‍പ്പ് ലൈനിലേക്ക് ബോംബ് ഭീഷണിയുമായി വിളിക്കുകയായിരുന്നു. ഇതോടെ നിരവധി ട്രെയിനുകള്‍ ഒന്നര മണിക്കൂറോളം വൈകി. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സ്കൂളിലെ സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് യെലഹങ്ക സ്റ്റേഷനില്‍നിന്ന് കച്ചെഗുഡ എക്സ്പ്രസ് ട്രെയിനില്‍ പോകുന്നതിന് മുമ്ബാണ് 12കാരന്‍റെ ഫോണ്‍ കോള്‍.

വിവരമറിഞ്ഞയുടന്‍ ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിട്ട് ബോംബ് സ്ക്വാഡും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ ഫോണ്‍ കാളാണെന്ന് വ്യക്തമായി. കാള്‍ വന്ന ഫോണ്‍ നമ്ബറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. നമ്ബറിന്‍റെ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോഴാണ് യെലഹങ്ക വിനായക് നഗറിലാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് 12കാരനെ കണ്ടെത്തി കൗണ്‍സലിങ് നല്‍കി. മാതാപിതാക്കള്‍ നല്‍കിയ സ്മാര്‍ട്ട് ഫോണിലാണ് 12കാരന്‍ ഗെയിം കളിച്ചിരുന്നത്. ഒപ്പം പബ്ജി കളിക്കുന്ന കുട്ടുകാരന്‍ ട്രെയിന്‍ കയറി പോകാതിരിക്കാനാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വ്യാജ ഭീഷണി മുഴക്കിയതെന്ന് 12കാരന്‍ സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിക്ക് താക്കീത് നല്‍കി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …