തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായി മാറും.
പിന്നീടുള്ള 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ചുഴലിക്കാറ്റായി മാറിയാല്‍ ബംഗ്ലാദേശ് നല്‍കിയ ‘നിസര്‍ഗ’ എന്ന പേരില്‍ അറിയപ്പെടും.
ഇത് വടക്ക് ദിശയില്‍ മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടല്‍. ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത
അഞ്ചു ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.