പിപി ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ അപ്പത്തിനും മുട്ട റോസ്റ്റിനും വിലകുറിച്ച് ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടൽ. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കി. ഹോട്ടൽ ഉടമയാണ് വില കുറച്ച വിവരം പങ്കുവെച്ചത്. അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയത്.
അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ മന്ത്രി പരാതി നൽകിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.
എംഎൽഎയുടെ പരാതി ഇങ്ങനെ;
‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’.