വീട്ടില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളെ ധൈര്യപൂര്‍വ്വം നേരിട്ട് ബി.എസ്.എഫ് ജവാന്റെ ഭാര്യയും മകളും. യുവതിയുടെ ചെറുത്തുനില്‍പ്പില്‍ പിടിച്ച് നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അക്രമികള്‍ പൊതിരെ തല്ലുമ്ബോഴും അതിനെ ചെറുത്തുനിന്ന യുവതിയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ന് ബിക്കാനീറിലാണ് സംഭവം. മക്കളായ അവ്നി (07), ശ്രവ്യ (03) എന്നിവര്‍ക്കൊപ്പം താമസിക്കുന്ന രേഖ എന്ന വീട്ടമ്മയെ ആണ് തോക്കുധാരികള്‍ ആക്രമിച്ചത്. രേഖയുടെ ഭര്‍ത്താവ് ഉര്‍വേശ് കുമാര്‍ ബി.എസ്.എഫിലാണ്. മകളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എ.ടി.എമ്മില്‍ നിന്നും രേഖ കുറച്ച് പണം പിന്‍വലിച്ചിരുന്നു. സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കള്‍ രേഖയെ പിന്തുടര്ന്ന് വീട്ടിലെത്തി.
വീടിനു മുന്നിലെത്തി രേഖ സ്കൂട്ടിയില്‍ നിന്നിറങ്ങിയപ്പോഴേക്കും യുവാക്കള്‍ രേഖയെ ആക്രമിച്ചു. ഇത് കണ്ട് നിന്ന മൂത്ത പെണ്‍കുട്ടി ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടി ബഹളം വെച്ചു. ഇതിനിടെ, രേഖയെ യുവാക്കള്‍ മര്‍ദ്ദിച്ചു. അക്രമികള്‍ അവരെ മുറിയിലേക്ക് വലിച്ചിഴക്കാന്‍ തുടങ്ങി. അവള് നിരായുധയായിരുന്നുവെങ്കിലും ധൈര്യം കാണിച്ചു. അക്രമികളുമായി ഏറ്റുമുട്ടി. രണ്ടുകൂട്ടരും പരസ്പരം വിട്ടുകൊടുക്കാതെ പോരടിച്ചു.
ഒരു യുവാവിന്റെ കയ്യില്‍ പിസ്റ്റള്‍ ഉണ്ടായിരുന്നു. ഇതിന്റെ മറുവശം കൊണ്ട് യുവാവ് രേഖയെ പലതവണ തല്ലി. രേഖയുടെ തലപൊട്ടി ചോരയൊലിക്കാന്‍ തുടങ്ങിയപ്പോഴും, യുവതി തന്നാല്‍ കഴിയും വിധം അക്രമകാരികളെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടാന്‍ തുടങ്ങി. സംഭവം കൈവിട്ട് പോകുമെന്ന് മനസിലായ യുവാക്കള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇതിനിടെ, യുവതിയുടെ കൈവശമുണ്ടായിരുന്ന പേഴ്സും പണവും ഇവര്‍ തട്ടിയെടുത്തിരുന്നു.