സ്കൂള്‍ ബസിനുള്ളില്‍ അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മയോട് കയര്‍ത്ത് ഉത്തര്‍പ്രദേശിലെ സപ് ഡിവിഷണല്‍ മജിസ്ട്രേറ്റ്. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുരാഗ് ഭരദ്വാജ് എന്ന 10 വയസ്സുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്കൂള്‍ ബസില്‍ സ്കൂളിലേക്ക് പോകുന്നതിനിടെ ശര്ദ്ദിക്കുന്നതിനായി കുട്ടി തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം. കുട്ടിയെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയും കുട്ടിയുടെ തല പോസ്റ്റിലിടിച്ച് തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
സംഭവത്തില്‍ ബസ്ഡ്രൈവറും മെറ്റാരു ജീവനക്കാരനും അറസ്റ്റിലായെങ്കിലും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്തിരുന്നില്ല. സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ടായിരുന്നു കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ കരഞ്ഞുകൊണ്ടിവരുന്ന അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിന്റെ അടുത്തെത്തിയ മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സുഭാംഗ ശുക്ല അവരോട് മോശമായി പെരുമാറുകയായിരുന്നു. ‘നിങ്ങളോട് മിണ്ടാതിരിക്കാന്‍ എത്ര തവണ പറയുന്നു, എന്തുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല’- എന്നായിരുന്നു സുഭാംഗ ശുക്ല ക്ഷോഭിച്ചുകൊണ്ട് ചോദിച്ചത്.
നേഹ ഭരദ്വാജ് തിരിച്ചു സംസാരിക്കാന്‍ ശ്രമിക്കവേ ‘എനിക്ക് എല്ലാം മനസ്സിലായി. മതി സംസാരിച്ചത്, വായടയ്ക്കൂ എന്ന് അവര്‍ ആക്രോശിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിനെതിരെയും ബസ് ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശം നല്കിയ യോഗി, ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്കി. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച കുട്ടിയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.