കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയന്‍ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്ബതികളുടെ വളര്‍ത്തുനായക്കാണ് വൈറസ് സ്ഥിരീകരിച്ചത്. എലികളിലും മറ്റ് വന്യമൃഗങ്ങളിലും കുരങ്ങുപനി അണുബാധ കണ്ടെത്തിയിട്ടുണ്ട്, ഇത് മനുഷ്യരിലേക്കും വൈറസ് പടര്‍ത്തും. എന്നാല്‍ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ കുരങ്ങുപനി ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.