Breaking News

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി; പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടം

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. പരസ്യം നീക്കണമെന്ന നിർദേശം നടപ്പിലായാൽ സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസി ക്ക് ഇരുട്ടടിയാകും. ടിക്കറ്റിതര വരുമാനത്തിന്റെ നല്ലൊരു ഭാഗം ലഭിക്കുന്നത് ബസ്സുകളിൽ പതിക്കുന്ന പരസ്യത്തിൽ നിന്നാണ്. ഇതിന് വേണ്ടി എസ്റ്റേറ്റ് എന്ന പേരിൽ ഒരു വിഭാഗം തന്നെ കോർപറേഷനിലുണ്ട്. ഒരു ബസിന് 10,500 രൂപ എന്ന നിരക്കിലാണ് പരസ്യത്തിനായി പണം ഈടാക്കുന്നത്. അങ്ങനെ മാസം ഒന്നരക്കോടി രൂപ വരെ ലഭിക്കുന്നുണ്ട്.

പുതിയ സാഹചര്യത്തിൽ പരസ്യങ്ങൾ പിൻവലിച്ചാൽ പരസ്യ ഇനത്തിൽ മുൻകൂറായി വാങ്ങിയ പണവും തിരിച്ചു കൊടുക്കേണ്ടിവരും. അങ്ങനെ ഏജൻസികൾ വഴിയും അല്ലാതെയും ആറു മാസം വരെയുള്ള മുൻകൂർ കൈപ്പറ്റിയിട്ടുണ്ട്. ഇങ്ങനെ വാങ്ങി ചെലവഴിച്ചു കഴിഞ്ഞ തുക തിരിച്ചു നൽകുന്നതും കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകും. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും കോടതി തള്ളിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …