തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വർദ്ധിപ്പിച്ചത് ആദ്യം നിയമസഭയിൽ പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചട്ടം 303 പ്രകാരം എ.പി അനിൽ കുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു റൂളിങ്.
നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമ്പോൾ സഭാ സമ്മേളന കാലയളവിലാണെങ്കിൽ ആദ്യം സഭയിൽ തന്നെ പ്രഖ്യാപിക്കുന്നതാണ് പതിവെന്നും സ്പീക്കർ പറഞ്ഞു. ഇതിന് മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. സംസ്ഥാനത്ത് വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കരം നിരക്ക് വർദ്ധന സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് തികച്ചും ഒരു ഭരണപരമായ നടപടി ആണെങ്കില്‍ പോലും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തില്‍ ആയിരിക്കുന്ന സാഹചര്യത്തിലും സഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് നല്ല ഉദാഹരണമാകുമായിരുന്നുവെന്ന് സ്പീക്കർ പറഞ്ഞു. ഭാവിയിൽ ബന്ധപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ പറഞ്ഞു.
വെള്ളക്കരം കൂട്ടികൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറക്കിയത് സഭാ സമ്മേളന കാലയളവിലാണെന്നും ഇത്തരം തീരുമാനങ്ങൾ നിയമസഭാ സമ്മേളനത്തിൽ തന്നെ പ്രഖ്യാപിക്കുന്നതാണ് പതിവെന്നും ഇക്കാര്യത്തിൽ വ്യക്തമായ റൂളിങ്ങുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് ഉചിതമായില്ലെന്നുമാണ് അനിൽകുമാർ ക്രമപ്രശ്നം ഉന്നയിച്ചത്.