കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മുഖ്യമന്ത്രി മതനിരപേക്ഷ മനോഭാവത്തോടെ ജനങ്ങൾ ജീവിക്കുന്ന നാടാണ് കേരളമെന്ന് പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. ഭരണം ദരിദ്രർക്ക് വേണ്ടിയായിരിക്കണം. പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമാണ്. ഇതിനെതിരെ ജനം പ്രതിഷേധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയസംഘർഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നിടത്തും അല്ലാത്തിടത്തും വർഗീയ കലാപങ്ങളും വർഗീയ ചേരിതിരിവും സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങൾ നടക്കാത്ത നാടാണ് കേരളം. ഈ പ്രദേശത്തെ മറ്റ് പ്രദേശങ്ങളെപ്പോലെ മാറ്റാൻ ജനങ്ങൾ അനുവദിക്കില്ല. വർഗീയതയ്ക്കെതിരെ ജീവൻ കൊടുത്ത് പൊരുതിയവർ ഈ നാട്ടിലുണ്ട്. അത് മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.