കോഴിക്കോട്: കാന്താര എന്ന സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിനെ ചോദ്യം ചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കഴിഞ്ഞ രണ്ട് ദിവസമായി ഋഷഭ് ഷെട്ടിയെയും നിർമാതാവ് വിജയ് കിരഗണ്ടൂരിനെയും കോഴിക്കോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപം എന്ന ഗാനം തങ്ങളുടെ സൃഷ്ടിയാണെന്നും ഇരുവരും അവകാശപ്പെട്ടു. ഗാനത്തിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
ടൗൺ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് സംവിധായകനെയും നിർമ്മാതാവിനെയും തിങ്കളാഴ്ച ചോദ്യം ചെയ്തത്. സംഗീത വിദഗ്ദ്ധരുടെ ഉപദേശം തേടിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. ഗാനത്തിന്റെ ട്രാക്കിൽ സാമ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. നടൻ പൃഥ്വിരാജ് ഉൾപ്പെടെ കേരളത്തിലെ കാന്താരയുടെ വിതരണക്കാരും കേസിൽ പ്രതികളാണ്. പൃഥ്വിരാജിനെയും ഉടൻ ചോദ്യം ചെയ്യും.