ന്യൂഡല്‍ഹി: അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ, കേന്ദ്രം കൈമാറാൻ ശ്രമിച്ച മുദ്രവച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. എല്ലാം സുതാര്യമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹിൻഡൻബർഗ് റിപ്പോർട്ട് പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി നിയോഗിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകളും പരിഗണിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച ശുപാർശകളുമാണ് മുദ്രവച്ച കവറിൽ കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കൈമാറാൻ ശ്രമിച്ചത്. റെഗുലേറ്ററി സംവിധാനത്തിലെ പോരായ്മകളാണ് വിദഗ്ദ്ധ സമിതി പരിശോധിക്കുന്നത്.
മുദ്രവച്ച കവർ സ്വീകരിച്ചാൽ അതിന്‍റെ ഉള്ളടക്കം കേസിലെ എതിർ കക്ഷികൾക്ക് അറിയാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എല്ലാം സുതാര്യമായിരിക്കണമെന്നും അതുകൊണ്ടാണ് മുദ്രവച്ച കവർ സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നിലയ്ക്ക് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സർക്കാർ ശുപാർശ അംഗീകരിച്ചാൽ അത് സർക്കാർ സമിതിയാണെന്ന വിമർശനമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.