ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസൺ ഫൈനൽ ഗോവയിൽ നടക്കും. ഫത്തോർദ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ കലാശപ്പോര് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഐഎസ്എൽ ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ അവസാന മൂന്ന് തവണയും ഫൈനലിന് ആതിഥേയത്വം വഹിച്ചത് ഫത്തോർദയായിരുന്നു. ഇത്തവണ ഗോവയ്ക്ക് പകരം പുതിയ വേദിയായിരിക്കുമെന്നായിരുന്നു സൂചന. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിലാണ് ഫൈനൽ നടക്കുക എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഗോവ തന്നെയാണെന്ന് നിശ്ചയിക്കുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് ഗോവയിൽ ഐഎസ്എൽ ഫൈനൽ നടക്കുന്നത്.
പരിശീലന മൈതാനങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും ലഭ്യത കണക്കിലെടുത്താണ് ഫൈനൽ ഗോവയിലേക്ക് നിശ്ചയിച്ചതെന്ന് ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎൽ അറിയിച്ചു. മാർച്ച് 18നാണ് ഐഎസ്എൽ ഫൈനൽ നടക്കുക. ഫൈനലിനുള്ള ടിക്കറ്റുകൾ മാർച്ച് 5 മുതൽ ബുക്ക് മൈ ഷോ വഴി ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.