കൊച്ചി: വരാപ്പുഴയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പോലീസ് ഇന്ന് അന്വേഷണം ആരംഭിക്കും. ലൈസൻസില്ലാതെയാണ് പടക്കങ്ങൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകയ്ക്കെടുത്ത ജൻസനെ മുഖ്യപ്രതിയാക്കി പോലീസ് കേസെടുക്കും. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
പടക്കത്തിനൊപ്പം മറ്റ് സ്ഫോടക വസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഡേവിസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലായിരുന്നു സ്ഫോടനം. ഇന്നലെ വൈകിട്ടാണ് സ്ഫോടനമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം പൂർണമായും തകർന്നു.