നോയിഡ: ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മാരിയോൺ ബയോടെക്കിലെ 3 ജീവനക്കാർ അറസ്റ്റിൽ. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മാരിയോൺ ബയോടെക്കിന്‍റെ ഉൽപ്പന്നങ്ങളിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു.
കമ്പനിയുടെ ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. മാനുഫാക്ചറിംഗ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിംഗ്, ഓപ്പറേഷൻസ് മേധാവി തുഹിൻ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. 2 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യൻ നിർമിത കഫ് സിറപ്പിനെക്കുറിച്ച് ഗാംബിയയാണ് ആദ്യം പരാതിപ്പെട്ടത്. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്സാണ് പ്രശ്നത്തിന് കാരണമെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണത്തെത്തുടർന്നു ഡോക്–1 മാക്സ് ടാബ്‍ലെറ്റും സിറപ്പും എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.