ന്യൂഡൽഹി: ഇൻഫ്ലുവൻസ വൈറസിന്‍റെ ഉപവിഭാഗമായ എച്ച്3എൻ2 വൈറസാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പനി, ചുമ എന്നിവയ്ക്ക് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇൻഫ്ലുവൻസ വൈറസിന്‍റെ മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എൻ2 വൈറസ് മൂലം കൂടുതൽ ആശുപത്രിവാസം ഉണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.
രാജ്യത്തുടനീളമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ (വിആർഡിഎൽഎസ്) ശൃംഖലയിലൂടെയാണ് ഐസിഎംആർ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഡിസംബർ 15 മുതൽ ഇന്ന് വരെയുള്ള 30 വിആർഡിഎൽഎസിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ഇൻഫ്ലുവൻസ എച്ച്3എൻ2 വൈറസ് മൂലമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 92 ശതമാനം പേർക്കും പനിയുണ്ട്. 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസംമുട്ടലും 16 ശതമാനം പേർക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇങ്ങനെ ആശുപത്രിയിലെത്തുന്നവരിൽ 16 ശതമാനം പേർക്കും ന്യൂമോണിയ റിപ്പോർട്ട് ചെയ്തതായി ഐസിഎംആർ അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.