കാളികാവ് : ‘നേത്രദാനം മഹാദാനം’ എന്ന വാക്യത്തിന്റെ പ്രാധാന്യം ഏവരിലേക്കും എത്തിക്കാൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിന് സമ്മതപത്രം ഒപ്പിട്ട് നൽകി വനിതകൾ. മുടപ്പിലശ്ശേരി ഗ്രാമത്തിലെ വി.എം.സി അക്ഷര വായനശാല വനിതാവേദിയിലെ 50 ലേറെ സ്ത്രീകളാണ് ഈ സൽക്കർമ്മത്തിലൂടെ മാതൃക ആയത്.
വീടുകൾ സന്ദർശിച്ച് വായനശാല അധികൃതർ നടത്തിയ ബോധവൽക്കരണമായിരുന്നു കണ്ണുകൾ ദാനം ചെയ്യാൻ വീട്ടമ്മമാർക്ക് പ്രചോദനം. കൂടാതെ ഭയം മൂലം പദ്ധതിയിൽ നിന്നും മക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രക്ഷിതാക്കളെ നേത്രദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനും, മറ്റൊരാൾക്ക് പ്രകാശം നൽകാൻ സാധിക്കുന്ന പ്രവർത്തിയുടെ ഭാഗം ആക്കാനും അധികൃതർക്ക് സാധിച്ചു.
വായനശാല സെക്രട്ടറി എ.സി. ഷിജു, വനിതാവേദി സെക്രട്ടറി കെ.കെ. വിലാസിനി, കെ പ്രഭ, വിനീത, കമറുന്നീസ, നിഷ എന്നിവരാണ് സമ്മതപത്രം ഒപ്പിട്ട് വാങ്ങാൻ മുൻകൈ എടുത്തത്. ഇവയെല്ലാം താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ എൻ. ഹസീനയെ ഏല്പിച്ചു. വണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗം യു. അനിൽകുമാർ, വായനശാല പ്രസിഡന്റ് ഒ.വി. ബിജു എന്നിവർ പങ്കെടുത്തു.