ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സെൽഫിയെടുത്ത് ഫേസ്ബുക്കിൽ ഇടാനായിരുന്നു ശ്രമം .കുട്ടിയെ ഏ ആർ ക്യാമ്പിലേക്ക് മാറ്റിയത് ഗുരുതര വീഴ്ചയാണെന്ന് ആരോപണം. തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രമം മൈതാനത്തുനിന്ന് കിട്ടിയശേഷം ഉടൻ ഏ ആർ ക്യാമ്പിലേക്കു മാറ്റിയത് പോലീസിന്റെ ഗുരുതരം വീഴ്ചയെന്ന് ആരോപണം ഉണ്ടായിരിക്കുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യ പരിശോധന നടത്തുകയും കൗൺസിലിൽ നൽകുകയും ആണ് ആദ്യമായി വേണ്ടിയിരുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
കുട്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാതെയാണ് നാലരമണിക്കൂറോളം കുഞ്ഞിനെ ഏ ആർ ക്യാമ്പിൽ ഇരുത്തിയത് .ആശ്രമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുമ്പോൾ തന്നെ കുട്ടി ക്ഷീണിതയായിരുന്നു. ക്യാമ്പിൽ എത്തിച്ചു വളരെ സമയം കഴിഞ്ഞാണ് ഗവൺമെൻറ് വിക്ടോറിയ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ വരുത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചത്.
മാധ്യമപ്രവർത്തകരെ ആരെയും തന്നെ ക്യാമ്പിൽ പ്രവേശിപ്പിച്ചില്ല .എങ്കിലും ഇതറിഞ്ഞ ജനപ്രതിനിധികൾ മുതൽ രാഷ്ട്രീയസംഘടനാ പ്രവർത്തകരും ഇതര നേതാക്കളുംവരെ അവിടെ എത്തി കുട്ടിയെ കാണുകയുണ്ടായി .പലരും കുട്ടിയുമായി ചേർന്ന് നിന്ന് പടമെടുത്ത് ഫേസ്ബുക്കിൽ ഇടാൻ ആയിരുന്നു തിരക്ക്. കാണികളുടെ തിരക്ക് ഒഴിഞ്ഞശേഷം വൈകിട്ട് ആറുമണി കഴിഞ്ഞാണ് കുട്ടിയെ ഗവൺമെൻറ് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. എഡിജിപി മനോജ് എബ്രഹാം മാധ്യമപ്രവർത്തകരുമായി സംസാരിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത് .ഇത് ഗുരുതരമായ വീഴ്ചയാണ് എന്നാണ് ആരോപണം.