നിയമസഭയേയും മുൻ വൈദ്യുതി മന്ത്രിയെയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് മുൻ ഉദ്യോഗസ്ഥന്റെ പെൻഷനിൽ സർക്കാരിൻറെ കടുംവെട്ട്. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പി.എ ആയി വിരമിച്ച ബിപി മുഹമ്മദലിയുടെ പെൻഷനിൽ നിന്നും പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സർക്കാർ സ്ഥിരപ്പെടുത്തി. വിരമിക്കൽ അനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല.
2018 പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണ് മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചത് .ഇതു സംബന്ധിച്ചു പട്ടാമ്പി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി 3000 രൂപ പിഴ ചുമത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സമൂഹമാധ്യമത്തിലെ പരാമർശം ഉചിതമല്ലെങ്കിലും ഗുരുതര സ്വഭാവമുള്ളതല്ലെന്നു വിദ്യാഭ്യാസ ഡയറക്ടറുടെ വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് പെൻഷനിൽ നിന്നും 500 രൂപ വീതം ഈടാക്കാൻ താൽക്കാലിക തീരുമാനമെടുത്തു. ബോധപൂർവ്വമായി സംഭവിച്ച തെറ്റല്ലെന്നുംതടഞ്ഞുവെച്ച അനുകൂല്യങ്ങൾ നൽകണമെന്നും മുഹമ്മദലി സർക്കാരിനോട് ആവശ്യപ്പെട്ടു. തീരുമാനം അന്തിമ ഉത്തരവായി ഇപ്പോൾ പുറത്ത് വിടുകയായിരുന്നു. സർവീസിൽ ഇരിക്കെ സംഭവിച്ച വീഴ്ചകൾക്കു പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാറുണ്ടെങ്കിലും പെൻഷൻ തുകയിൽ ആജീവാനന്തം കുറവു വരുത്തുന്ന സംഭവങ്ങൾ അപൂർവ്വമാണെന്ന് സർവീസ് വിദഗ്ധർ പറയുന്നു