ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് ഏഴുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില് നിന്നാണ് രാസവാതകം ചോര്‍ന്നത്.
വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി.
ദുരന്ത നിവാരണ സേനയും അഗ്നശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇതിനോടകംതന്നെ പ്ലാന്‍റിലെ ചോര്‍ച്ച പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.
വിഷവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യമുള്ളവരേ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആംബുലന്‍സുകള്‍ക്ക് പുറമെ ഗുഡ്സ്, ഓട്ടോറിക്ഷ, കാര്‍ എന്നിവയിലെല്ലാമാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്.
വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ആശുപത്രിയിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജഗന്‍ മോന്‍ റെഡ്ഡി ഉടന്‍ ആശുപത്രിയിലെത്തുമെന്നാണ് വിവരം. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
സംഭവം നടന്നയുടന്‍ പ്രദേശമാകെ പുകപടലം നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. ആയിരത്തിലധികം പേരെയാണ് വിഷവാതക ചോര്‍ച്ച നേരിട്ട് ബാധിച്ചത്. നിരവധി പേര്‍ ബോധരഹിതരായി വീടുകളിലും റോഡുകളിലും വീണു കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ബൈക്ക് യാത്രക്കിടെ ബോധരഹിതരായി വീണവരുടെയും അഴുക്കുചാലുകളില്‍ വീണുകിടക്കുന്നവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മനുഷ്യര്‍ക്ക് പുറമെ കന്നുകാലികളും ദുരന്തത്തിന് ഇരയായിട്ടുണ്ട്.