മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്.
ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന നാല്‍പ്പത്തഞ്ചുപേരുടെ സ്രവ പരിശോധന നടത്താന്‍ ഇന്നലെ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയില്‍ തീരുമാനമായി.
ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍പ്പെട്ട ഇരുപതോളം വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. അവശ്യ സര്‍വീസുകളും മെഡിക്കല്‍സ്റ്റോര്‍, പെട്രോള്‍പമ്ബ്, സൂപ്പര്‍മാര്‍ക്കറ്റ്, പച്ചക്കറിക്കടകള്‍ എന്നിവ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുള്ളൂ.
ഇന്നലെ രാവിലെ ബാങ്കുകള്‍ തുറന്നെങ്കിലും പോലീസ് എത്തി അടപ്പിച്ചിരുന്നു. കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാല്‍പ്പത്തിയഞ്ചുപേരില്‍ പതിനെട്ടുപേരുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
ബാക്കിയുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനിടെ കടുത്ത പനിബാധയെ തുടര്‍ന്ന് കോവിഡ് രോഗിയുടെ വീട്ടിലെ മറ്റ് മൂന്ന് അംഗങ്ങളെ നിരീക്ഷണത്തിലും ചികിത്സയിലുമാക്കി.