ഇടുക്കിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ശൈശവ വിവാഹം. തൊടുപുഴ കുമാര മംഗലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് കുഞ്ചിതണ്ണി സ്വദേശി വിവാഹം കഴിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു വിവാഹം.
സംഭവം പുറത്ത് അറിഞ്ഞതോടെ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ മോചിപ്പിച്ചു. കുടുംബാംഗങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണ് വിവാഹം നടന്നത്.
കുഞ്ചിതണ്ണി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് 16 വയസും വരനായ രജ്ഞിത്തിന് 31 വയസുമാണ് പ്രായം. മുപ്പതോളം ആളുകള്‍ പങ്കെടുത്തായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിവാഹത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മക്കും വിവാഹം കഴിച്ച യുവാവിനുമെതിരെ കേസെടുത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി ലഭിച്ചിതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.
വെള്ളത്തൂവല്‍ പൊലീസും സംഭവം അന്വേഷിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയത്. പിന്നീട് മോചിപ്പിച്ച പെണ്‍കുട്ടിയെ രാത്രി ചെങ്കുളത്തെ മേഴ്സി ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു.
ബുധനാഴ്ച്ച പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി. നിലവില്‍ പെണ്‍കുട്ടിയെ അമ്മക്കൊപ്പം പറഞ്ഞയച്ചു. നിര്‍ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. അമ്മ തളര്‍ന്നുകിടക്കുകയാണ്.
ഇവരുടെ ഭര്‍ത്താവ് കുടുംബം ഉപേക്ഷിച്ച് പോയി. തമിഴ് വംശജരാണ് കുടുംബം. അതേസമയം ഇടുക്കി ജില്ലയില്‍ മാത്രം ആറ് മാസത്തിനിടെ തടഞ്ഞത് അഞ്ച് ശൈശവ വിവാഹങ്ങളാണ്.