കൊല്ലം ജില്ലയില്‍ ഇന്നലെ 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 2 പേര്‍ക്കും സമ്ബര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്നും ഇന്നലെ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 31 പേര് രോഗമുക്തി നേടി.
അമ്ബലത്തുംഭാഗം സ്വദേശിയും ഓച്ചിറ സ്വദേശിയുമാണ് വിദേശത്ത് നിന്നുള്ളവര്‍. അതേസമയം ജില്ലയിലെ തീരദേശ മേഖലയില്‍ നിശ്ചിത എണ്ണം വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപികരിച്ച്
ബോധവത്കരണം നടത്തിയതുപോലെ രോഗവ്യാപന സാധ്യതയുള്ള കിഴക്കന്‍ മേഖല, തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം നിശ്ചയിച്ചു.
ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് ആദ്യമായാണ് രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ എല്ലാം നിശ്ചിത എണ്ണം വീടുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ ആക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
തീരദേശ മേഖലയില്‍ ഇത് നടപ്പിലാക്കി വരുന്നുണ്ട്. ഭക്ഷ്യധാന്യ ശേഖരങ്ങള്‍ ആവശ്യത്തിന് ഉണ്ടെന്നു ഉറപ്പാക്കണമെന്നും, കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുന്നൊരുക്കം നടത്തണമെന്നും നിര്‍ദേശിച്ചു.
കടകള്‍ കേന്ദ്രീകരിച്ച് ഡോര്‍ ടു ഡോര്‍ അപ്പുകള്‍ രൂപീകരിക്കാനും സന്നദ്ധസേവകര്‍, പോലീസ് എന്നിവരുടെ സേവനം ലഭ്യമാക്കാനും നിര്‍ദേശം നല്കി.