Breaking News

നാവിക സേനയ്ക്ക് കരുത്തേകി ഐഎന്‍എസ് വാഗിര്‍ ; അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി…

ഇന്ത്യൻ നാവിക സേനയ്ക്ക് മുതൽകൂട്ടായി അഞ്ചാം തലമുറ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വാഗിർ നീറ്റിലിറക്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌കോർപ്പീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വാഗിരാണ് നീരണിഞ്ഞത്.

മുംബൈയിലെ മസഗോൺ ഷിപ്പ്‌യാർഡിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയ നീറ്റിലിറക്കൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

മന്ത്രി ശ്രീപദ് നായിക്കും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സവിശേഷതകളുള്ള വാഗിർ രാജ്യത്തിന്റെ സമുദ്രാതിർത്തികൾ കാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥർ പറഞ്ഞു.

നാവിക സേനയുടെ പ്രോജക്‌ട്-75ന്റെ ഭാഗമായാണ് വാഗിറിന്റെ നിർമാണം. ഫ്രഞ്ച് നാവിക, പ്രതിരോധ, ഊർജ്ജ കമ്ബനിയായ ഡിസിഎൻഎസ് രൂപകൽപ്പന ചെയ്യുന്ന ആറ് കാൽവേരി അന്തർവാഹിനികളുടെ ഭാഗമാണ് വാഗിർ. സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും വിവരശേഖരണം, നിരീക്ഷണം എന്നീ ദൗത്യങ്ങൾ നിർവഹിക്കാനും വാഗിറിനാകും.

ജലത്തിൽ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകൾ പുതിയ വാഗിറിനുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ മാരകമായ സാൻഡ് ഫിഷിന്റെ പേരാണ് വാഗിർ.

റഷ്യയിൽ നിന്നെത്തിയ ആദ്യ വാഗിർ 1973 ഡിസംബർ മൂന്നിന് നാവികസേനയുടെ ഭാഗമായിരുന്നു. 28 വർഷത്തെ സേവനത്തിന് ശേഷം 2001 ജൂൺ ഏഴിന് സേനയുടെ ഭാഗമല്ലാതായി.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പുതിയ വിജയമാണ് വാഗിറെന്നും നാവിക വിഭാഗത്തിൽ രാജ്യം സുശക്തമാകുകയാണെന്നും അധികൃതർ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …