കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ച് പൂട്ടി. തേവരയിലാണ് സംഭവം. സിവില്‍ ഏവിയേഷന്‍ കോഴ്സ് സംബന്ധമായ ക്ലാസുകള്‍ നടത്തിയ സ്ഥാപനത്തിനെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്.
കൊറോണ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 40 ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ഇവിടെ ക്ലാസ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സ്വദേശി കൂടിയായ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്താന്‍ സാധ്യമല്ലാത്തത് കാരണമാണ് സ്ഥാപനം തുറന്നത് എന്നാണ് ഉടമയുടെ വാദം. പക്ഷേ കൊറോണ വ്യാപനം രൂക്ഷമായിരിക്കുകയും ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശം നല്കിയിട്ടുള്ളതിനാലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു